ആ മരം ♠ മരക്കവിതകൾ ♠ കുഴൂർ വിത്സൺ

മരക്കവിതകൾ /കുഴൂർ വിത്സൺ

 02

തെങ്ങുകൾ

ഈന്തപ്പനകൾ ചോദിച്ചു
തുറിച്ചു നോക്കുന്നതെന്തിന്
വിവർത്തന ശേഷമുള്ള
തെങ്ങുകളാണു ഞങ്ങൾ
മറന്നുവോ?

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

രണ്ട് മരങ്ങൾ

കറിവേപ്പ്

കഴിഞ്ഞ
6 വര്‍ഷമായി
പുറത്തെങ്ങും
കണ്ണ് നിറഞ്ഞ്
ഒരു കറിവേപ്പ്
കാണാത്തത് കൊണ്ടാകണം
എന്നുമെന്നും
ഉള്ളിന്റെയുള്ളിൽ
ഒരു കറിവേപ്പ്
നട്ട് നനച്ചത്

ഓരോ ദിവസവും
അതങ്ങനെ
പച്ചച്ച് പച്ചച്ച്
തഴയ്ക്കും

അടുത്തവരെന്നില്ല
അന്യരെന്നില്ല
കാണുന്നവരൊക്കെ
കൊണ്ട് പോകും

കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാൻ

കറിമണം
പരക്കുമ്പോൾ
കുട്ടികള്‍ക്കൊപ്പം
എല്ലാ വീടുകളും
അത്യാഹ്ലാദം പടര്‍ത്തി
അപരിചിതമാകും

എന്റെ
പൊന്നോമനയിലകളേ
അവർ
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ

എന്റെ മക്കൾ കരയരുത്

ആര്യവേപ്പ്

കഴിഞ്ഞ
6 വര്‍ഷമായി
ഉള്ള് നിറയെ
കണ്ടിട്ടുള്ളത്
നിരന്ന് നിരന്നങ്ങനെ
നില്‍ക്കുന്ന
ആര്യവേപ്പുകളെയാണ്

തക്കം കിട്ടുമ്പോഴൊക്കെ
അതിന്റെ നിഴലിൽ  പതുങ്ങും
ആരും കണ്ടില്ലെങ്കിൽ
ഒരുമ്മ കൊടുക്കും
അപ്പോഴൊക്കെ
ആ ഇളം പച്ചച്ച
തൊണ്ണ കാട്ടിയുള്ള
ചിരി കാണണം

എത്ര പേർ വന്നു
എത്ര പേർ പോയി
നരച്ചയിലകളുടെ
നിസംഗത
കാണുമ്പോൾ
സങ്കടം വരും

വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

ഉളിമരം

പൊറുക്കാത്ത മുറിവിനു
വൈദ്യൻ തന്ന കുറിയിൽ
പുളിയിലയിട്ട് തിളപ്പിച്ച വെള്ളം
അതിനു പുളിയില
പുളിയിലക്ക് പുളിമരം

പറമ്പായ പറമ്പൊക്കെ അളന്നു
അയലത്തെ പറമ്പും
മൂന്നാമത്തെ അടിയ്ക്കായി
ഓർമ്മയിലെ പറമ്പ്

അതാ ,മുറ്റത്തെ ആ പുളിമരം
നിന്റെയോർമ്മയിൽ
എന്റെയോർമ്മയല്ലാതെ
ഒന്നുമേ മുളയ്ക്കരുതെന്ന്
ആയത്തിൽ വീശിയ

ഉളിമരം

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

ആ മരം

ഷാർജയിലെ വില്ലയിൽ
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു

കണ്ടപാടെ ഉള്ളൊന്നു തുടിച്ചു
ആരും കാണാതെ തൊട്ട് നിറുകയിൽ വച്ചു
മരങ്ങളെയറിമായിരുന്ന
അപ്പനെയോർത്തു

ആത്മാവിൽ തൊട്ട് അനുവാദം വാങ്ങി
പറിച്ചെടുത്ത ഒരിലയുടെ ഓർമ്മ ഞരമ്പുകൾ
അവൾ അടച്ചു വച്ച പുസ്തകത്തിൽ
ഇപ്പോഴും കാണണം

ഐശ്വര്യമാണ്
അന്തരീക്ഷം ശുദ്ധീകരിക്കുമെന്നെല്ലാം
മേരിയും പറഞ്ഞു

പ്രിയനും അഞ്ജനയും പോയ
മുറിയിൽ പുതിയ ആളുകൾ വന്നു
തൊപ്പി വച്ച കൂട്ടരാണെന്ന്
ജയാന്റിയും അച്ചാച്ചനും പറഞ്ഞു

പൂണൂലും ചന്ദനക്കുറിയുമുള്ള നാരായണൻ
കൊന്തയും വെന്തിങ്ങയുമുള്ള അന്തോണി
അതിന് ശേഷം ഇത്ര തൊട്ടടുത്ത്
ഇങ്ങനത്തെ ചെറുപ്പക്കാരെ കണ്ടിരുന്നില്ല

ഒരു രാത്രി നിലവിട്ട്
ആ മരത്തെ തൊടാൻ ചെന്നപ്പോൾ
തൊപ്പിക്കാരുടെ മുറിയിൽ  നിന്ന്
ഈണത്തിലുള്ള പ്രസംഗം കേട്ടു

വാക്കുകൾ സംഗീതമാകുന്ന
കാലമെന്നോ മറ്റോ
ഉള്ളെന്തോ ഓർത്തിരുന്നു

വെള്ളിയാഴ്ച്ചയായിരുന്നു അന്ന്

തുളസികൾക്ക് വെള്ളം കൊടുക്കുമ്പോൾ
മണ്ണിൽ കിടക്കുന്ന ആത്മരത്തിന്റെ
ചില്ലകൾ കണ്ടു

ഹ്യദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ ഇലകൾ,
രകതം വാർന്ന്  വെളുത്ത ഞരമ്പുകൾ

കണ്ണു മുറിഞ്ഞു

ഓടിച്ചെന്നപ്പോൾ കണ്ടു
ആകാശത്തേയ്ക്ക് കയ്യുയർത്തി കേഴുന്ന വിശ്വാസിയെ
നിന്ന നില്‍പ്പിൽ കൈ വെട്ടിയത് പോലെ
ആ മരം

അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകൾ
ഏത് മരം കൊണ്ടാണപ്പാ ?

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു

ഈ മരം വളർന്നു വലുതാകും
അതിൽ പഴങ്ങളുണ്ടാകും

കാക്കകൾ വരും
തേനീച്ചകൾ  ഉറുമ്പുകൾ
പഴുതാര എല്ലാരുമെത്തും

കാറ്റ് വരും മഴ വരും
വെയിൽ  വരും

ഓരോരോ രീതിയിൽ
പഴത്തിന്‍റെ രുചിയറിയും

മരം പിന്നെയും വളരും

കൈയ്യെത്താത്ത ദൂരത്തിൽ
കൊമ്പുകൾ വളരുമ്പോൾ
കുട്ടികൾ
അതിനെയുപേക്ഷിച്ചു പോകും

പിന്നെ കരാറുകാർ വരും
മരം വെട്ടുകാരം

പിന്നെയാണ് ആശേരി

കാക്കയിരുന്ന
അതേ കൊമ്പിൽ
ഉളി കൊള്ളുമ്പോൾ
കാക്കക്കരച്ചിൽ പോലെ
ഒരൊച്ച കേൾക്കും

ആ ഒച്ച കേട്ടു
ശേഷിക്കുന്ന കുട്ടികൾ
ഞെട്ടി പറന്നു പോകും

കാറ്റു പിടിച്ച
അതിന്‍റെ ചുമലിൽ
ആണി കയറുമ്പോൾ
ഒരു തരം മൌനമായിരിക്കും

വെള്ളിയാഴ്ച്ചയിലെ
നട്ടുച്ച കണക്കെ
വിജനമായ ഒന്നു

പള്ളിയിൽ പോകുന്ന
ഒരാൾ പോലുമുണ്ടാകില്ല

പതുക്കെ
അതു വാതിലാകും
ഉള്ളിൽ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളർന്ന്
കട്ടിലായി കിടക്കും

ആ മരത്തിനു
താഴെ
ഞാനവളെ കാത്തിരിക്കുന്നു

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

ഇടം

ആ കിയോസ്ക്കിന്‍റെ പുറകിൽ
ഒരു ഈന്തപ്പനയുണ്ട്

ദിവസവും
എട്ടോ ഒൻപതോ പ്രാവശ്യം
അതിനു ചുവട്ടിൽ നിന്നാണു
സിഗരറ്റ് വലിക്കുക

പതുക്കെ പതുക്കെ
ആ ഇടം സ്വന്തമായിത്തീർന്നതു  പോലെയായി

ഇന്നിപ്പോൾ ഒരു നേരത്തു
ചെല്ലുമ്പോൾ അതാ അവിടെ
സിഗരറ്റുമായി വേറൊരാൾ

എന്തു പറയും അയാളോട്
ആ ഇടം എന്റേതാണെന്നോ ?

സിഗരറ്റുകുറ്റികൾ
തൂപ്പുകാർ കളഞ്ഞിരിക്കുന്നു
ഈന്തപ്പനയോലകൾ
താഴോട്ട് നില്പ്പുണ്ട്
(ഇന്നാണ് അതു
ആദ്യമായി കാണുന്നത് )

എല്ലാം ആദ്യമായി കാണും പോലെ
എന്റേതായി എന്തുണ്ടു അവിടെ ?

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

നിനക്ക്  പകരം

നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
ചോർന്ന് പടരുന്ന
വീടിന്റെ തെക്കേ അതിരിൽ
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു

നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
പതിവിലും കൂടുതൽ
അഴിഞ്ഞ് തുടങ്ങിയ കരിയിലകൾ
അടിവളമായിട്ടു
വീട് പണിക്കായി
അളന്ന് കൊണ്ടിട്ട
പുഴമണൽ
കൈക്കുടന്നയിൽ
അളക്കാതെയിട്ടു
അലസമായൊഴുകിയ
മഴവെള്ളത്തെ
വാരിക്കോരിയൊഴിച്ചു
വാത്സല്യം കവിഞ്ഞ്
മുലക്കണ്ണുകൾ തുടിച്ചു
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു

നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
ഓരോ ഇലകളിലും
ആരും കാണാതെ ഉമ്മകൾ കൊടുത്തു
അതിന്റെ ഞരമ്പുകൾ
നിന്റെ കൈരേഖകളായി തോന്നി
ഒറ്റവരിയും വിടാതെ വായിച്ചു
കണ്ണ് നിറഞ്ഞപ്പോൾ
മണ്ണ് പറ്റിയ കൈകൾ കൊണ്ട്
കൺപോൾകൾക്ക് താഴെ
തടമുണ്ടാക്കി
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു

നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
ഞാനതിനെ പൊന്ന് പോലെ നോക്കും
ഉറുമ്പുകൾക്കും വണ്ടുകൾക്കും
എന്തിനു ചിത്രശലഭങ്ങളോട് വരെ
യുദ്ധം ചെയ്യും
ഇടയ്ക്കെങ്ങാൻ വാടിയാൽ
വാവേയെന്ന്
ചക്കരേയെന്ന്
എന്റെ കുട്ടൂസേയെന്ന്
കൊഞ്ചിക്കും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു

നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
മഴയത്തും വെയിലത്തും നിലാവത്തും
ഞാനതിനു കാവൽ നിൽക്കും
കൈവെള്ളയിൽ അതിന്റെ
പച്ചയും കൊമ്പുകളും ഇലകളും
പച്ച കുത്തും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു

നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
കണ്ണുനീർ
ഉമിനീർ
രേതസ്സ്
ജീവന്റെ ജീവനായതെല്ലാം
അതിനു മാത്രമായി പൊഴിക്കും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു

നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
നില വിടുന്ന രാത്രികളിൽ
ഞാനതിനെ കെട്ടിപ്പിടിച്ച് കരയും
കണ്ണീരും ഉമിനീരും കലർന്ന ഉമ്മകൾ
തെരുതെരാ അതിനെ പൊതിയും
തകരുന്ന പതിനൊന്ന് മണികളിൽ
ഞാനതിന്റെ മടിയിൽ കിടക്കും
കുറുമ്പേറിയാൽ
കണ്ണുകളടച്ച് അതിന്റെ ഉള്ളിൽ കയറും
മതി വരെ ഒളിച്ചിരിക്കും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു

നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
ഒരിക്കൽ അത് നിറയെ പൂക്കും
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞയെന്ന് അത്
പാട്ട് പാടും
കാറ്റും കിളികളും വള്ളിപ്പടർപ്പുകളും
അതേറ്റുപാടും
മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടി മുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
മ്യതരിൽ ജീവനുദിക്കുന്നു

നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു

ഒരു ദിവസം

ഒരു ദിവസം
പൂത്തുലഞ്ഞ് നിൽക്കുന്ന
അതിനെ കണി കണ്ട്
അടുത്ത
ജന്മത്തിലേക്ക് ഞാൻ മറയും
അടുത്ത ജന്മം വരെയും
അതെന്നെ
കാത്ത് കാത്ത് നിൽക്കും

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

അല്ലെങ്കിൽ വഴിവക്കിലെ ഒരാൽമരം

ആരുടേയുമല്ല, എന്നെ വിടൂ
ഞാൻ ആരുടേയുമല്ല , എന്നെ വിടൂ
പ്ലീസ് എന്നെ വിടൂ

ഉണ്ടായപ്പോൾ അപ്പനുമമ്മയും വിളിച്ചു
എന്റെ മകൻ എന്റെ മകൻ
ഞങ്ങളുടെ മകൻ

അന്നുറക്കെ കരഞ്ഞത് എന്നെ വിടൂ വിടൂ
ഞാനാരുടേതുമല്ലെന്നും പറഞ്ഞാണ്‍, അല്ല
ഞാനാരുടേതുമല്ല

മമ്മോദീസ മൂക്കുമ്പോൾ കരഞ്ഞതും അതിനാണ്‍
എന്നെ വിടൂ എന്നെ വിടൂ

ഞാൻ ക്ര്യിസ്ത്യാനിയുടേതല്ല
ഹിന്ദുവിന്റേതല്ല ജൂതന്റെയും ബുദ്ധന്റേയുമല്ല
എന്നെ വിടൂ എന്നെ വിടൂ എന്നാണ്‍ ഞാനന്ന് കരഞ്ഞത്
ഞാൻ ആരുടേയുമല്ല.

ഞാൻ എന്റേതല്ല

ഞാൻ ആരുടേയുമല്ല, നിന്റേതുമല്ല
ആരുടേയുമല്ല

ചുംബനത്തിനോ, വിവാഹത്തിനോ, മരണത്തിനോ
എന്റെ മേൽ യാതൊരവകാശങ്ങളുമില്ല
ആരുടേതുമല്ലാതായിരിക്കലാണ്‍ എനിക്ക് ജീവിതം

പബ്ലിക്ക് ബൂത്തിലെ ടെലഫോൺ
കഫേയിലെ കമ്പ്യൂട്ടർ , നിരത്തിലെ റഷ്യക്കാരി
ചായക്കടയിലെ കപ്പ്, പരാതിപ്പുസ്തകത്തിലെ പേന

ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ്,
ക്ലിനിക്കിലെ ഡോക്ടർ, വഴിവക്കിലെ പൂവ്, തെക്കോട്ടൊഴുകുന്ന പുഴ,
തിരകളെണ്ണുന്ന കടൽ,
മഴ, എവിടത്തെയും ആകാശം സൂര്യൻ , ചന്ദ്രൻ

അല്ലെങ്കിൽ
വഴിവക്കിലെ ഒരാല്‍മരം

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

പിന്നെയും ഈ ദൈവത്തിന്റെ ഒരു കാര്യം

വിചിത്രവും

അതിലേറെ
വിസ്മയകരവുമായ
ഒരു പണിയാണ്
ഇന്ന് രാവിലെ
ദൈവം തന്നത്

മുറിയിൽ നിന്നിറങ്ങുക

വലത്തോട്ടു നടന്നു
ഒരിക്കല്‍ക്കൂടി
വലത്തോട്ടു തിരിയുമ്പോൾ
ആദ്യം കാണുന്ന
ആമ്പമരത്തിന്റെ
പതിനാലാമത്തെ ചില്ലയുടെ
ആയിരത്തിപ്പതിമൂന്നാമാത്തെ
ഇലയിൽ
ഒരു ദേശാടനക്കിളിയുടെ
കാഷ്ഠത്തിന്റെ കറയുണ്ട്.
അത്
ഉമിനീരു കൊണ്ട്
കഴുകുക.

അത് ചെയ്തു

ഇടത്തോട്ടു നടക്കുക
പതിനാറാമത്തെ വില്ലയുടെ
കിഴക്കേ അതിരിൽ
കെട്ടിയ്ക്കാത്ത
ഒരു ഈത്തപ്പന
നില്‍പ്പുണ്ട്.

അതിന്‍റെ
മുകളിലത്തെ
12 പട്ടകളൊഴിച്ച്
താഴെയെല്ലാം
പച്ച പോയി
മരിച്ചിരിക്കുന്നു.

വിയര്‍പ്പോ
കണ്ണീരോ
കൊടുത്ത്
ഇളം പച്ചയാക്കുക.

അതുമായി

നേരെ നടന്ന് കാണുന്ന
കലുങ്കിന്റെ
അടിവശത്ത്
ഒരു
കുഞ്ഞാല്‍മരം
കിളിര്‍ത്ത് വരുന്നുണ്ട്.

ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.

ഹോ
പിന്നെയും

ദൈവത്തിന്റെ
ഒരു കാര്യം

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

മരങ്ങൾ ; ജീവിതത്തിൽ കവിതയിൽ

ജീവിതത്തിൽ

ഇരുവശങ്ങളിലും
നിര നിരയായി നില്ക്കുന്ന (തിരുത്തുണ്ട്)
മരങ്ങൾ ക്കിടയിലൂടെ നടക്കുന്നു

അപ്പോൾ
നില്ക്കുന്ന മരങ്ങൾ
പുറകിലോട്ട് നടക്കുന്നു
എന്റെ കൂടെ നടക്കൂവെന്ന്
അവരോട് പറയുന്നുണ്ട്
അവർ പുറകിലോട്ട് തന്നെ നടക്കുന്നു

കുറച്ച് കൂടി വേഗത്തിൽ  നടന്നു
കുറച്ച് കൂടി വേഗത്തിൽ
മരങ്ങൾ എന്നിൽ നിന്നും
പിന്നോട്ട് നടന്ന് പോകുന്നു

ഓടി നോക്കി
മരങ്ങൾ
ഓടുന്നു
പുറകിലോട്ട്

എന്നാൽ  മരങ്ങൾക്കൊപ്പം ഓടാമെന്ന്
വിചാരിച്ച് തിരികെ നടന്നു

അപ്പോഴുണ്ട്
അവർ  ഞാൻ പോകുന്നതിനു
എതിരേ തന്നെ പോകുന്നു

കവിതയിൽ

എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

മരയുമ്മ

ഇണ ചേർന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്

ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതിൽ
അല്ലെങ്കിൽ  എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതിൽ
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങൾക്ക് മനസ്സിലാകില്ല

ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളെ

വേറെ ഒരു ദിവസം
കൊമ്പിൽ നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലിൽ
ആരോ കഴിച്ചതിന്റെ ബാക്കി
മീൻമുളള് തിന്നുന്ന പൂച്ചകളെ
ഓടിക്കുന്നതിന്റെ

മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേയേന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേ

വേറൊരു നാൾ
താഴെ
അപരിചിതരായ മനുഷ്യർ
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീർന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാൽ
മരക്കസേരകളെ

ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അർബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാൻ
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ

വേറെ
ഒരു ദിവസമാണെങ്കിൽ
വെള്ളി കലർന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായ്കളെ

ഒരു ദിവസമാണെങ്കിൽ
കൊമ്പിലും കുഴലിലും
സ്വർണ്ണനൂലുകൾ പടർത്തിയ സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ

പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാൻ പറഞ്ഞ
വയസ്സായ നടുക്കഷണത്തെ

അതിനും മുൻപ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു

എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കിൽ  കുത്തിയിരുന്നു

പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കൽ
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓർത്ത്

മനസ്സ് മലർത്തിയിട്ടുണ്ട് ഞാൻ

ചില മരങ്ങൾ
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണൽ നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ

കുരിശേറ്റിയതിന്റെ
ഓര്മ്മയിൽ
ഉള്ളം നടുങ്ങുകയും
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തിൽ

മരമേ
നിന്നെ ഞാൻ
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ച തും
എന്നാൽ
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്

മരണത്തോളം
മരവിപ്പും
ജീവിതവും കലർന്ന
ഒരു
മരയുമ്മ

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

വർഗ്ഗീസിനു വീടില്ല

വർഗ്ഗീസിനു വീടില്ല
ഓഫീസിലാണു താമസം
യേശുവിന്റെ സ്വന്തം ആളാണു
കഴുത്തിൽ ഒരൊത്ത കൊന്തയുണ്ട്
അതിനൊത്ത മരക്കുരിശും

പണിയില്ലാത്ത ദിവസങ്ങളിൽ
പറമ്പിലായിരിക്കും
മരങ്ങളോടെന്തോ കാര്യമായ ശത്രുതയുണ്ട്
കണ്ണിൽ പെട്ടാൽ പണിതീർന്നു
നമ്മുടെ യേശുവിനെ മരത്തിൽ
തറച്ചിതിനാണോ നിനക്കിത്ര കേടെന്ന്
ഒരിക്കൽ ചോദിച്ചിട്ടുണ്ട്

അക്കേഷ്യയിൽ നിന്ന് ശ്വാസം മുട്ട്
കലശിൽ നിന്ന് ചൊറിയാമ്പുഴു…
എന്റെ ചേട്ടാ, നിങ്ങളെക്കാൾ മരങ്ങളോടെനിക്കാണു
സ്നേഹമെന്നവൻ ഇടയ്ക്കിടെ പറയും

വർഗ്ഗീസ് വെട്ടിയിട്ട മരങ്ങളിലെ
കിളികൾ കൂടന്വേഷിക്കുന്നത്
പല തവണ കണ്ടിട്ടുണ്ട്

ഓഫീസിലേക്കുള്ള വഴികളിലെ
പൊന്തകൾ മുഴുവൻ
വെട്ടിത്തെളിക്കലായിരുന്നു
വർഗ്ഗീസിന്റെ ഇന്നത്ത പണി
എന്തൊരു തെളിച്ചമെന്ന്
സിഗരറ്റ് വലിക്കാൻ ചെന്നപ്പോൾ
അവൻ തെളിച്ചപ്പെട്ടിരുന്നു

പാതിരാത്രി ഡ്യൂട്ടി കഴിഞ്ഞ്
വർഗ്ഗീസ് വെട്ടിത്തെളിച്ച വഴിയിലൂടെ
കാറോടിക്കുകയാണു
ഹെഡ് ലൈറ്റ് വെളിച്ചത്തിൽ
ഒരു മുയൽ അതിന്റെ പൊന്ത
തെരഞ്ഞുകൊണ്ടോടി നടക്കുന്നു

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

പൂവിന്റെ കുഞ്ഞ്

ഒരു മനുഷ്യനെന്ന നിലയിൽ
പരാജയമാകയാൽ മരമായതാണു

കിളികൾ വന്നു
അണ്ണാറക്കണ്ണന്മാർ തല്ലുപിടിച്ചു
വെട്ടുകാർ നോട്ടമിട്ടു

ഒരിക്കൽ അതിൽ
ഒരു പൂവിന്റെ കുഞ്ഞുണ്ടായി
ആകെ സങ്കടമായി
തന്റെ ജന്മമോർത്ത്
അതിനു കരച്ചിൽ വന്നു

പൂവിന്റെ കുഞ്ഞിന്റെ
നെഞ്ചിൽ നോക്കി അത്
വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

ഇത്തിക്കണ്ണിയും മരവും

അൽപ്പന്മാരും
ഭാവനാശൂന്യരും
ക്രൂരന്മാരുമായിരുന്നു
ഭാഷയിൽ എന്റെ പൂർവ്വികർ

കാടുകയറുന്നു
കാട്ടുമൂല
കാട്ടുനീതി
വെട്ടിവെളുപ്പിച്ച് തന്നെ
അവരെഴുതി

അതൊക്കെ പോകട്ടെ
ഇത്തിക്കണ്ണിയെ
ഇത്തിക്കണ്ണിയെന്ന്
വിളിച്ചതിലാണു ഏറെ സങ്കടം

ഇത്തിക്കണ്ണി
മാംസത്തിന്റെ മാംസം ,മജ്ജയുടെ മജ്ജ, ആത്മാവിന്റെ ആത്മാവ്.കെട്ടിപ്പിടിക്കുന്നു. ഉടലിനെ പൊതിയുന്നു. വരിഞ്ഞുമുറുക്കുന്നു. ഉമ്മ കൊടുക്കുന്നു. മുല കുടിക്കുന്നു. മടിയിൽ കിടക്കുന്നു. മാറത്ത് കുഞ്ഞുകാലാൽ ചവിട്ടുന്നു.ഇളംചോപ്പാർന്ന തൊണ്ണുകാട്ടി ചിരിക്കുന്നു. ആഴത്തിലേക്ക് കയറുന്നു.പറ്റിച്ചേരുന്നു. ഇഴുകിയൊന്നാവുന്നു. ഒരു ശരീരം. ഒരാത്മാവ്
ഇത്തിക്കണ്ണിയില്ലാത്ത മരം
മരമില്ലാത്ത ഇത്തിക്കണ്ണി

വിശാലമനസ്ക്കരും
ഭാവനാശാലികളും
ദയാലുക്കളുമായിരിക്കും
ഭാഷയിൽ എന്റെ പിൻഗാമികൾ

പരത്തി പരത്തി നുണ പറയുന്നതിനെ
അവർ നാടുകയറുന്നു എന്ന് പറയും
ആർത്തിയും പകയും നിറഞ്ഞവർ
ഓടിച്ചെന്ന് ക്യൂ നിൽക്കുന്നിടത്തെ
നാട്ടുമൂലയെന്ന് വിളിക്കും
മനുഷ്യരേയും മ്യഗങ്ങളേയും ഒന്നാക്കുന്നതിനെ
നാട്ട്നീതിയെന്ന് ഉപമിക്കും
വെളുപ്പിക്കുകയെന്നാൽ
ഇല്ലാതാക്കലാണു എന്നെഴുതും

ഉറപ്പായും
ഇത്തിക്കണ്ണിയെ
ഇത്തിക്കണ്ണിയെന്ന് വിളിക്കും

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ 

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു 

നാട്ടിലെ
ഒറ്റമരത്തിൽ
പെട്ടുപോയ
കിളിയുടെ
കരച്ചിലാണു
താനെന്ന്
അറിയാമായിരുന്ന
എന്റെകവിത
വസന്തത്തോട്
അതിന്റെ
പേരുചോദിച്ചു
അത് പറഞ്ഞ് തുടങ്ങി

പൂത്ത്കായ്ച്ച് നിൽക്കുന്ന വയ്യങ്കത, അതിന്റെ മുള്ളുള്ള വേദനകൾ, തട്ടമിട്ട ഗഫ്, അതിന്റെ മിനാരങ്ങൾ, ഉമ്മകൾ കൊണ്ട് ചോന്ന തൊണ്ടി, അതിന്റെ നനഞ്ഞചുണ്ടുകൾ,ആരുമില്ലാതെ ആടലോടകം, പുള്ളിയുടുപ്പിട്ട് നെല്ലിപ്പുളി,കാറ്റിനെ കാത്ത്പുളിവാക, തെക്കോട്ട് തലവച്ച് ആഞ്ഞിലി,കോട്ടുവായിട്ട് ചെറുപുന്ന ,ഇലകളിൽ അമ്മൂമ്മമാരുടെ പേരെഴുതിവച്ചിരിക്കുന്ന പേര, അടുപ്പിലൂതുന്ന ഇലന്ത,കണ്ണ്ചൊറിഞ്ഞ് ഇലപൊങ്ങ് ,ഇരിപ്പ ,പൊട്ടിച്ചിരിച്ച് ആത്ത,കീറിയ ഉടുപ്പിട്ട ചോലവേങ്ങ, ഇരുമ്പകം, ഓടിക്കിതച്ച് പടപ്പ,വാലാട്ടുന്ന പട്ടിപ്പുന്ന,ചെരുപ്പിടാതെ പട്ടുതാളി, കൂട്ടത്തിൽ കേമനായ് തേക്ക്, തെക്കോട്ട, പോയ ജന്മമോർത്ത് നീർവാളം,നീരാൽ, വിതുമ്പിക്കരഞ്ഞ് നീർക്കടമ്പ്, പതിമുകം, മടിപിടിച്ച് തണൽമുരിക്ക്, കരിമരുത്,കരിങ്കുറ, ആറ്റുമയിൽ ,വെള്ളദേവാരം,കാട്ടുകടുക്ക ,തിന്ന്കൊഴുത്ത് ബദാം, ഓർമ്മ പോയ വഴന,ബോറടിച്ച് വരച്ചി , നാങ്ക്മൈല, നടുവേദനയുമായി യൂക്കാലിപ്പ്റ്റ്സ്, ചുവന്നുറച്ച് രക്തചന്ദനം, കഷായം ധരിച്ച് രുദ്രാക്ഷം വക്ക, വഞ്ചി, അമ്മവീടിനെയോർത്ത് പറങ്കിമാവ്,വരി, നെടുനാർ, പത്ത്നൂറു പെറ്റ മരോട്ടി,മലങ്കാര,വളംകടിയുമായ് മലമ്പുന്ന ,ലോട്ടറിയെടുക്കുന്ന നെന്മേനിവാക, കയ്പ്പുള്ള ചിരിയുമായ് നെല്ലി

ഇലകളാൽ ചിത്രംവരച്ച് കടപ്ളാവ്, വരിതെറ്റിച്ച് കരി,കടംപറഞ്ഞ് കാട്ടുതുവര, തിളച്ച്മറിഞ്ഞ് കാട്ടുതേയില,പൊട്ടിയൊലിച്ച് കാട്ടുപുന്ന , നെറ്റിയിൽ പൊട്ട് തൊട്ട് കുങ്കുമം,വിശന്ന് വലഞ്ഞ് വെന്തേക്ക്, മിസ്കാളടിക്കുന്ന വെള്ളക്കടമ്പ്,ഒറ്റയ്ക്ക് നിൽക്കുന്നകാറ്റാടി, അതിന്റെ ക്ഷീണിച്ച കയ്യുകൾ,പൂത്തുലഞ്ഞ ഇലഞ്ഞി,അതിന്റെ മണമുള്ള ഉടൽ,നെടുവീർപ്പിട്ട് ആൽ, പച്ചവാറ്റിൽ, ഓന്തുമായ് കുന്നായ്മ പറയുന്നപച്ചിലമരം , പനച്ചി, പമ്പരകുമ്പിൾ, ഓർമ്മകൾചൂടി കടമ്പ് ,പലചരക്കുമായ് കുടമരം ,പുന്നപ്പ, പുങ്ങ്, തല നരച്ച ചുരുളി ,ചിന്തുപാട്ടുമായ് ചുവന്നകിൽ, കറുത്തവാറ്റിൽ, കുളകു,കരിഞ്ഞാവൽ, അടിച്ച് ഫിറ്റായി പമ്പരം, , ചോരപ്പയിൻ, ഞമ,കിളികളെ കൊതിപ്പിച്ച് ഞാവൽ, ഞാറ, ഉള്ളം കൈചൊറിഞ്ഞ് അലസിപ്പൂ, ശോകഗാനം മൂളി അശോകം

നാലും കൂട്ടിമുറുക്കി ഏഴിലമ്പാല , ടൈകെട്ടി പീനാറി,പീലിവാക, കാലൊടിഞ്ഞ് പുളിച്ചക്ക, കൂലി ചോദിച്ച് പേഴ്,കുമ്പിൾ, കുരങ്ങാടി , കയ്യുളുക്കി കടുക്ക ,വലിയകാര, വല്ലഭം,ചാവണ്ടി, ഞെട്ടിച്ച് ചിന്നകിൽ, ബ്രേക്ക്പൊട്ടി ചിറ്റാൽ, വിടന,ശീമപ്പഞ്ഞി, പലിശക്കാരൻ ഒടുക്ക് ,മദമൊലിപ്പിച്ച് ഓട,അച്ഛനില്ലാത്ത കടക്കൊന്ന, മക്കളില്ലാത്ത ശിംശപാവ്യക്ഷം,മുഖംചുവന്ന് സിന്ദൂരം, തന്നാരോപാടി കരിന്തകര, കഞ്ചനടിച്ച് വെള്ളപ്പയിൻ, പൂക്കൾ കാട്ടി പൂത്തിലഞ്ഞി, പുളിച്ച മുഖവുമായ് കുടമ്പുളി

നനഞ്ഞൊലിച്ച് കുളമാവ്, നിന്ന് തിരിയുന്ന കുടമാൻ,പരലോകത്ത് നിന്ന് പാരി ,മിന്നുന്ന ളോഹയിട്ട് പൂപ്പാതിരി,നാലുകാലിൽ പൂച്ചക്കടമ്പ്, കമ്പിളി പുതച്ച് കുളപ്പുന്ന,നക്ഷത്രഫലംവായിക്കുന്ന കുണ്ഡലപ്പാല, പാച്ചോറ്റി, സ്വയംഭോഗം ചെയ്യുന്ന പെരുമരം, കടലിനെയോർത്ത് പെരുമ്പൽ,കഫക്കെട്ടുമായ് ആനത്തൊണ്ടി ,ആനക്കൊട്ടി,ചെറുതുവര,ഇലവംഗം ,താന്നി, കുറുമ്പുകാട്ടി തിരുക്കള്ളി,കാരപ്പൊങ്ങ്,കെട്ടിപ്പിടിച്ച് കാറ്റാടി ,തുടലി, തെള്ളി, കാര,മലയത്തി,മലവിരിഞ്ഞി ,നാണമില്ലാതെ കശുമാവ് ,കുശുമ്പ് പറഞ്ഞ് കറുക ,വെടിനാർ, മരിക്കാനുറച്ച് ആറ്റുമരുത്,ചോലയിൽ നിഴലായി വീണൊഴുകി ആറ്റുവഞ്ചി

വെള്ളയുടുപ്പിട്ട് മന്ദാരം, വന്ന, രണ്ടും കൽപ്പിച്ച് മഹാഗണി ,കണക്കുകൾകൂട്ടുന്ന കരിവേലം,ജാക്കറാന്ത,കുമ്പാല ,കൂട്ടില്ലാതെ കൂവളം, കൂട്ടുകാരുടെ തോളത്ത് കൈയ്യിട്ട് കാട്ടുകമുക് ,കൊല്ലി,പരുവ, പരുവമരം, കള്ളച്ചിരിയുമായ് ക്യഷ്ണനാൽ,എനിക്കാരുമില്ലെന്ന് കൊക്കോ ,കോർക്ക് , പലകപ്പയ്യാനി,മാലയും വളയുമിട്ട് പവിഴമല്ലി, ഒറ്റയ്ക്ക് ഒരു മഴമരം,മാഞ്ചിയം, മുലക്കണ്ണുകാട്ടി മാതളം,ചെമ്മരം ,പശക്കൊട്ടമരം,മലവേമ്പ്, കണ്ണീരൊഴുക്കി ചമത, വട്ട, ഓടിത്തളർന്ന വട്ടക്കുമ്പിൾ, സിഗരറ്റ് വലിക്കുന്ന പൈൻ , പൊരിപ്പൂവണം,കാലുവെന്തതേരകം,തേമ്പാവ്,പല്ലിളിച്ച്ദന്തപത്രി,നരിവേങ്ങ,നവതി, പിറുപിറുത്ത് മഴുക്കാഞ്ഞിരം, അരയാഞ്ഞിലി, കാറ്റുമായി കളിച്ച് അരയാൽ

ചൂടുകാറ്റിനെ ഉമ്മവയ്ക്കുന്നചൂള,അരിനെല്ലി, മാമ്പഴം സങ്കടത്തിൽ ചൊല്ലി മാവ്, ചന്ദനവേമ്പ്, നടുനിവർത്തി പേരാൽ,പുളിവാക, ഉന്നം ,നായ്ത്തമ്പകം നീറിനീറി കർപ്പൂരം,നായ്ക്കുമ്പിൾ, നീർവാക, ചിന്നൻപിടിച്ച പൊങ്ങ്,പുറത്താക്കപ്പെട്ട് പൊട്ടവാക, പൊട്ടിത്തെറിച്ച് പൊരിയൻ,വഴിയാധാരമായ് പൊന്തൻവാക, എന്തോ ഓർത്ത് പ്ലാവ്,തലമൂടി പൂതം, മഞ്ഞപോലെ പച്ചച്ച് ഈത്തപ്പന,തഞ്ചത്തിൽ മഞ്ചാടി, മുള്ളൻവേങ്ങ, മുണ്ട്പൊക്കി മുള്ളിലം, തുള്ളിച്ചാടി മുള്ളിലവ്, മൂങ്ങാപ്പേഴ്, ഇനിയില്ലെന്ന് നീർമരുത്, പട്ടുപോയ നീർമാതളം ,മൂട്ടികായ്, ഇത്തി ,ഇത്തിയാൽ, വെള്ളവേലം,കൽപ്പയിൻ, കല്ലാൽ, വാവോപാടി മഞ്ഞക്കടമ്പ്,മീന്മുള്ളുകളെപേടിച്ച്ചൂണ്ടപ്പന

വളഞ്ഞ്കുത്തി പുന്ന, ചേട്ടനെപേടിച്ച് മട്ടി,പാതിരാപ്പടംകാണുന്ന പാരിജാതം, പാലകൾ, പാലി,തലകുത്തിമറിഞ്ഞ് പാറകം, വിരി ,വിത്തുമായ് അത്തി,നെഞ്ചുഴിഞ്ഞ് അമ്പഴം , മകനെ പ്രേമിച്ച അയണി,മഞ്ഞക്കൊന്ന, എന്തോതിരഞ്ഞ് മഞ്ഞമന്ദാരം, കണ്ണടച്ച് ചുല്ലിത്തി,കന്മദം ചുരത്തി കല്ലിലവ് , കഴുകനെനോക്കുന്ന മലമന്ദാരം,ഇടിവെട്ടിനെ ശപിച്ച് വെള്ളീട്ടി , വേങ്ങ, വേപ്പ്, വ്രാളി, അകിൽ,നെടുവീർപ്പിട്ട് അക്കേഷ്യ, ബാത്സ, ബ്ലാങ്കമരം, കുത്തിച്ചുമച്ച് ബീഡിമരം,അഗസ്തി, ചമ്മിച്ചിരിച്ച് ചെറുകൊന്ന,കമ്പളി,മുറിവേറ്റ് നാഗമരം.

നെറ്റിഭൂമിയിൽ മുട്ടിച്ച് ആകാശത്തേക്ക്ക ണ്ണുകളുയർത്തി പാതിരി, കടം വാങ്ങിമുടിഞ്ഞ് അങ്കോലം , കാട്ടുമരോട്ടി,കുണ്ഡലപ്പാല ,ആറ്റുമരുത് ,പൂവം, എരുമനാക്ക്,കരിങ്ങോട്ട ,ശമ്പളമില്ലാതെ വെടിപ്ലാവ്, വെണ്മുരിക്ക്, മഞ്ജനാത്തി,ഞെട്ടിയുണർന്ന് മണിമരുത്, മതഗിരിവേമ്പ്, മകൾക്ക് കൂട്ടുപോകുന്ന കാരാഞ്ഞിലി, കാരകൊങ്ങ് ,കാരപ്പൊങ്ങ്,തിരിച്ച്പോരുന്ന ഇലിപ്പ,സ്വപ്നംകണ്ട് ഉറക്കംതൂങ്ങി,ഊമ്പിയചിരിയുമായ് ഊറാവ് ,കത്താനൊരുങ്ങി എണ്ണപ്പന,തെഴുത്ത് എണ്ണപ്പൈൻ, ആരെയോകാത്ത് ആഴാന്ത,തലപൊട്ടി ചോരപത്രി, ശീമപ്പൂള, പൂവൻകാര, മലമ്പുളി,മൂർച്ചയുള്ളവടികളുമായി പുളി

ദുർമ്മേദസ്സുമായി തീറ്റിപ്ലാവ് , മലമ്പൊങ്ങ്,ചൊറിമാന്തിമുരിക്ക്, കൂട്ടുകാരനു ജാമ്യംനിൽക്കുന്നഇരിപ്പ,ജോലിപോയ ഇരുമ്പകം ,കുങ്കുമപ്പൂ, കരിന്താളി , സ്കൂട്ട്,റോസ് ക്കടമ്പ്,ആമത്താളി ,ആരംപുളി , തിരക്കിൽ പെട്ട് ആറ്റിലിപ്പ , കുരുത്തമുള്ള ഇരുൾ,വെള്ളവാറ്റിൽ ,ചൂളമടിച്ച് മുള,ഉപ്പില ,തൊപ്പിവച്ച് കാട്ടുകൊന്ന ,ഹരിശ്രീയെഴുതി കാഞ്ഞിരം ,ഇടനിലക്കാരനായ ചേര് ,കക്ഷംകാട്ടി കാട്ടുചെമ്പകം,തണ്ടിടിയൻ, നീറോലി, ബസ് കാത്ത് ഈഴചെമ്പകം , വീടൊരുക്കി കരിമ്പന,കരിവേങ്ങ,കവിതയെഴുതുന്ന കരുവാളി, കുഞ്ഞുടുപ്പിട്ട് ഉങ്ങ് ,ഉദി,പ്ലാശ,കാട്ടിന്ത ,പിന്നെ കാണാമെന്ന് എള്ളമരുത്, കെട്ടിപ്പിടിക്കാനൊരുങ്ങി ചെമ്പകം

കുട്ടികളെകുളിപ്പിക്കുന്ന വെള്ളകിൽ, കുടമറന്ന് പോയ വെള്ളവാക, പരീക്ഷയിൽ തോറ്റ ആറ്റുതേക്ക് ,കടുത്തകാമമായ് ആറ്റുനൊച്ചി, കാലുകൾ അകത്തി മലന്തുടലി, നെഞ്ചുംവിരിച്ച് മലന്തെങ്ങ്, എണ്ണാൻ പഠിക്കുന്ന മലമഞ്ചാടി, മുലകൾ കാട്ടിമലമ്പരത്തി, ഉന്മത്തനായ് ആവൽ, കരുണ ചൊല്ലുന്ന അരണ, പ്രാന്തുമായ് അമ്പലത്തിലേക്കോടുന്ന അലക്കു,അലക്കോടലക്ക് ചേരു ,ഒളിച്ചോടാനൊരുങ്ങി കുടപ്പന,മതങ്ങളില്ലാത്ത ജാതി, പൊട്ടിച്ചിരിച്ച് സിൽവർഓക്ക്,കുഞ്ഞുങ്ങളെ കാത്തുനിൽക്കുന്ന കാട്ടുവേപ്പ് , മിഠായിനുണഞ്ഞ് സുബാബുൽ, അരിശമായ് പാറപ്പൂള, പേടിച്ച് പിണർ, തെറികൾ കേട്ട് കാത് പൊത്തി ഇത്തി , ഒരിത്തിരിചിരിയുമായ് ഇത്തിയാൽ, മനസ്സിൽ നാദമുരുവിടുന്ന കോവിദാരം,വയറു കാണിച്ച് ഇലക്കള്ളി ,വിടർന്നുലഞ്ഞ് ഇലവ് ,ക്രൗര്യമായ് ഭോഗിക്കും ചടച്ചി ,തണുത്ത വിരലുകളുമായ് ചന്ദനം

വെട്ടിപ്പിടിച്ച് ചരക്കൊന്ന ,ഓഫീസിൽപോകുന്ന ചീലാന്തി,കൊച്ച് ടീവി കാണുന്ന ഗുൽഗുലു, മുടികറുപ്പിച്ച ഗുൽമോഹർ,വഴക്കുള്ള മുഖവുമായ് ഇരുൾ, പുലർച്ചെ ഉണർന്ന് കണിക്കൊന്ന, മുഴുവനുറങ്ങി കനല ,നിന്ന് മൂത്രമൊഴിക്കുന്നകരിങ്ങാലി, കനംവച്ച ലിംഗവുമായി കമ്പകം,എന്നെനിറക്കൂഎന്ന കരച്ചിലുമായ് കല്ലാവി,കാമത്താൽ ഉലഞ്ഞ് കാരാഞ്ഞിലി, ശാന്തനായ് കാരാൽ,പാട്ട്പാടി ഭോഗിക്കുന്ന കാരി ,തളർന്നുറങ്ങുന്ന കാവളം,പൂവിതളുകൾ കാട്ടി തണ്ണിമരം, യോനിയിൽ ചുംബിച്ച് തമ്പകം,ലിംഗം നുണയുന്ന തെള്ളിപ്പയിൻ, ഭോഗാലസ്യത്തിൽ നീർക്കുരുണ്ട, കുഞ്ഞിനു മുലകൊടുക്കുന്ന മലയ, കണ്ണുരുട്ടി കത്തി, വട്ട്പിടിച്ച ഈട്ടി ,അമ്മയെമറന്നചീനി, തൊണ്ണുകാട്ടി കുന്നിവാക ,ഉറക്കത്തിൽ ചിരിക്കുന്ന കുപ്പമഞ്ഞൾ,വിഷം വിഴുങ്ങി ഒതളങ്ങ, പൂത്തുലഞ്ഞ് പൂവരശ്…

വസന്തം
അതിന്റെപേരു
പറഞ്ഞ്കൊണ്ടിരുന്നു.
മഴയും
വെയിലും
കാറ്റും
തണുപ്പും
മാറിമാറിവന്നുകൊണ്ടിരുന്നു
വസന്തം
അതിന്റെ
പേരോർത്തെടുത്ത്
പറഞ്ഞുകൊണ്ടിരുന്നു.
കാട് കയറിയ
എന്റെകവിതയെ
ആളുകൾക്ക് പേടിയായി
ആരുംആ വഴിക്ക് വരാതായി
ഒരു പാമ്പ് ഇഴഞ്ഞിഴഞ്ഞു പോകുന്നു
ഒരു മുയൽ അതിനുള്ള വഴിയുണ്ടാക്കി ഓടിയോടിപ്പോകുന്നു.
ഒരു പൊന്തയിൽ നിന്ന് ഒരു പൂത്താങ്കീരി പറന്നുപോകുന്നു

♠ ♠ ♠ ♠

മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ ♠ മരക്കവിതകൾ

കുഴൂർ വിത്സൺ

1975 ൽ കുഴൂരിൽ ജനിച്ചു. ഉടൻ പുറത്തിറങ്ങുന്ന വയലറ്റിനുള്ള കത്തുകൾ ഏഴാമത്തെ പുസ്തകമാണു . ഉറക്കം ഒരു കന്യാസ്ത്രീ, ഇ , വിവർത്തനത്തിനു ഒരു വിഫലശ്രമം, ആദ്യം മരിച്ചാൽ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു സങ്കടം,ആരെല്ലാം നോക്കുമെന്നായിരുന്നു, കുഴൂർ വിത്സന്റെ കവിതകൾ , Thnintharoo ( English Translation ),എന്നിവയാണു മറ്റ് പുസ്തകങ്ങൾ. മലയാളത്തിലെ ആദ്യകവിതാ ബ്ലോഗായ അച്ചടി മലയാളം നാട് കടത്തിയ കവിതകളുടെ  ഉടമയാണു. തമിഴ്, അറബിക്, ജർമ്മൻ, ഇംഗ്ലീഷ് ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതകളുമായി ഏഴ് വിദേശരാജ്യങ്ങൾ സന്ദർശിച്ചു.

വെബ്സൈറ്റ്

ഫേസ് ബുക്ക് പേജ്

Leave a comment